{"vars":{"id": "89527:4990"}}

നടിയെ ആക്രമിച്ച കേസ്: പ്രതികൾക്ക് ലഭിച്ചത് കൂട്ടബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ, പ്രായം പരിഗണിക്കുന്നുവെന്ന് കോടതി

 

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരിയ കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവിന് വിധിച്ച് കോടതി. പൾസർ സുനിയെന്ന എൻഎസ് സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വിപി അജീഷ്, എച്ച് സലീം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. അതേസമയം കൂട്ടബലാത്സംഗം തെളിഞ്ഞിട്ടുള്ള കേസിൽ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വർഷം തടവെന്നത്. ഇതാണ് പ്രതികൾക്ക് ലഭിച്ചത്

കൂട്ടബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷയായ ജീവപര്യന്തം തടവുശിക്ഷ പ്രതികൾക്ക് നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നത്. ശിക്ഷാവിധിയിൽ ഒന്നര മണിക്കൂറോളം നേരം കോടതിയിൽ വാദം നടന്നിരുന്നു. എന്നാൽ പ്രതികളുടെ പ്രായം കൂടി പരിഗണിച്ചാണ് ശിക്ഷയെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 

ആറ് പേരെയും കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. ദിലീപ് അടക്കമുള്ള നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. പ്രതികൾക്ക് 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴത്തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. 

പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം. കോളിളക്കമുണ്ടാക്കിയ കേസാണിതെന്ന് കോടതി പറഞ്ഞു. വലിയ ട്രോമയാണ് ആ പെൺകുട്ടി അനുഭവിച്ചത്. പ്രതികളുടെ പ്രായം കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. 40ൽ താഴെയുള്ളവരാണ് എല്ലാ പ്രതികളെന്നും കോടതി ചൂണ്ടിക്കാട്ടി

ഒന്നാം പ്രതിക്ക് ഐടി ആക്ട് പ്രകാരം 5 വർഷത്തെ ശിക്ഷയും വിധിച്ചു. എന്നാൽ എല്ലാ ശിക്ഷയും കൂടി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവിന്റെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് സുരക്ഷിതമായി വെക്കാനും കോടതി നിർദേശിച്ചു.