നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷ വിധിച്ച് വിചാരണ കോടതി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഉച്ചയ്ക്ക് മുമ്പ് ഒന്നര മണിക്കൂർ നേരം ശിക്ഷാവിധിയിൽ വാദം കേട്ട ശേഷം ഉച്ച കഴിഞ്ഞ് 3.40ഓടെയാണ് കോടതി ശിക്ഷ വിധിച്ചത്
ഒന്നാം പ്രതി പൾസർ സുനിയെന്ന എൻ എസ് സുനിൽ, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വിപി അജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് ശിക്ഷ. ആറ് പേരെയും കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. ദിലീപ് അടക്കമുള്ള നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു
പ്രതികളുടെ പ്രായമടക്കം പരിഗണിച്ചാണ് ശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. പിഴത്തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. കൂട്ടബലാത്സംഗത്തിനാണ് പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചത്.
അതേസമയം പരമാവധി ശിക്ഷയായ ജീവപര്യന്തമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ ഒരു പ്രതിക്ക് പോലും പരമാവധി ശിക്ഷ നൽകാൻ കോടതി തയ്യാറായില്ല.