നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ഡിസംബർ 8ന് കോടതി വിധി പറയും
ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്. കേസിൽ ഡിസംബർ എട്ടിന് വിചാരണ കോടതി വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് വിധി പറയുന്നത്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.
കഴിഞ്ഞ ഏപ്രിലിൽ പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. ഇതിന് ശേഷം 27 തവണയാണ് വാദത്തിൽ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്. നെടുമ്പാശേരി പോലീസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയ കേസിൽ ആകെ 9 പ്രതികളുണ്ട്.
അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതി ചേർത്തത്. 2017 ഫെബ്രുവരി 17ന് രാത്രി 9 മണിക്ക് കൊച്ചി നഗരത്തിലൂടെ ഓടിയ കാറിലിട്ട് നടിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പൾസർ സുനി പകർത്തി. സംഭവം നടന്ന അന്ന് തന്നെ ഡ്രൈവർ മാർട്ടിൻ അറസ്റ്റിലായിരുന്നു
പിന്നീടുള്ള അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുന്നു. 2017 ജൂലൈയിൽ നടൻ ദിലീപിനെയും പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 11ന് ദിലീപിനെ കോടതി റിമാൻഡ് ചെയ്തു. പിന്നീട് 2017 ഒക്ടോബർ 3നാണ് ദിലീപ് ജാമ്യത്തിൽ പുറത്തിറങ്ങുന്നത്.