പരസ്ത്രീബന്ധം ചോദ്യം ചെയ്തു; ഭാര്യയെ ക്രൂരമായി മർദ്ദിച്ചു: തൃശൂരിലെ ബിജെപി നേതാവിനെതിരെ വധശ്രമത്തിന് കേസ്
തൃശൂർ: തൃശൂരിൽ ഭാര്യയുടെ പരാതിയെത്തുടർന്ന് ബിജെപി നേതാവിനെതിരെ വധശ്രമത്തിന് കേസെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പരസ്ത്രീ ബന്ധത്തെക്കുറിച്ച് ചോദിച്ചതിലുള്ള വൈരാഗ്യമാണ് ഭർത്താവും ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റുമായ ശ്രീകുമാറിന്റെ ക്രൂരമർദനത്തിന് കാരണമായതെന്ന് ഭാര്യ പ്രിയങ്ക മതിലകം പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
കൂടാതെ, സ്വന്തം വീട്ടിൽ പോയി ആലയിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെത്താൻ വൈകിയതും മർദനത്തിന് കാരണമായി. തോന്നിയ സമയത്ത് കയറിവരാൻ ഇതെന്താ സത്രമാണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു അക്രമമെന്ന് പ്രിയങ്ക പറയുന്നു. ശ്രീകുമാർ മുഖത്തടിക്കുകയും മുടിയിൽ കുത്തിപ്പിടിച്ച് ഭിത്തിയിലിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് പ്രിയങ്ക ചികിത്സ തേടിയത്.
പാർട്ടി പ്രവർത്തകർക്കൊപ്പം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തി ചികിത്സ തേടുകയായിരുന്നു. എന്നാൽ, പോലീസിൽ പരാതി നൽകിയതോടെ തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ രീതിയിൽ അപവാദ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് വലിയ മാനസിക വിഷമമുണ്ടാക്കുന്നതായും പ്രിയങ്ക വെളിപ്പെടുത്തി.
ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കിയ പ്രിയങ്ക, ശ്രീകുമാറുമായി ഇനി ഒരുമിച്ചു ജീവിക്കാൻ താല്പര്യമില്ലെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കൂട്ടിച്ചേർത്തു. നിലവിൽ ഇയാൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.