കോഴിക്കോട് കോടഞ്ചേരിയിൽ ആഫ്രിക്കൻ പന്നിപ്പനി; പന്നികൾ കൂട്ടത്തോടെ ചത്തു
കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് പന്നികളിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇരുപതോളം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തത് ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് ആന്തരികാവയവങ്ങൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നു.
പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് അധികൃതർക്ക് ലഭിച്ചത്. ഈ രോഗം കാട്ടുപന്നികൾ, വളർത്തു പന്നികൾ എന്നിവയിൽ അതിവേഗം പടരുമെങ്കിലും മനുഷ്യരിലേക്ക് ബാധിക്കാറില്ല. രോഗം ബാധിച്ചാൽ പന്നികളിൽ നൂറുശതമാനം വരെ മരണ നിരക്കുള്ള രോഗമാണിത്. ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നിയുടെ രക്തം, മാംസം, അവശിഷ്ടങ്ങൾ, രോഗം ബാധിച്ച പന്നികളുമായി നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ മറ്റ് പന്നികളിലേക്ക് രോഗം വ്യാപിക്കാം.
അസുഖം വന്ന ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നികളെ കൊന്നൊടുക്കാൻ തീരുമാനമായി. കൂടാതെ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നി മാംസം വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ അടച്ചിടും. നിശ്ചിതകാലത്തേക്ക് ഈ ഒരു കിലോമീറ്റർ ചുറ്റളവിലേക്ക് പന്നികളെയോ പന്നി മാംസമോ കൊണ്ടുവരാൻ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്.