{"vars":{"id": "89527:4990"}}

'പ്രിയദർശിനി'ക്ക് പിന്നാലെ എംവിഡി പണികൊടുത്തു; ഫൈൻ അടയ്ക്കാൻ 'ഒരു രൂപ ചലഞ്ചുമായി' ലിറ്റിൽ ഫ്ലവർ ബസ്സുടമ

 

കൊച്ചി: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ 'പ്രിയദർശിനി' പദ്ധതി സ്വകാര്യ ബസ് മേഖലയെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനിടയിൽ, വരുമാന നഷ്ടം മൂലം ട്രിപ്പ് മുടക്കിയതിന് മോട്ടോർ വാഹന വകുപ്പ് വൻ തുക പിഴ ചുമത്തിയതോടെ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സ്വകാര്യ ബസുടമ.

​എറണാകുളം മാഞ്ഞാലി–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന 'ലിറ്റിൽ ഫ്ലവർ' ബസിനാണ് പെർമിറ്റ് ലംഘനം ആരോപിച്ച് എംവിഡി 7,500 രൂപ പിഴ ചുമത്തിയത്. വരുമാനമില്ലാത്തതിനാൽ ഉച്ചസമയത്തെ ഒരു ട്രിപ്പ് ഒഴിവാക്കി ബസ് നിർത്തിയിട്ടിരുന്നപ്പോഴാണ് പറവൂർ ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഈ-ചെല്ലാൻ വഴി പിഴ ഈടാക്കിയത്.

​തങ്ങളുടെ ഗതികേട് കൊണ്ട് സർവീസ് നിർത്തിവെച്ചതാണെന്ന് അധികൃതരെ വിളിച്ച് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും, ഓൺലൈൻ വഴി പരാതി ലഭിച്ചതിനാൽ പിഴ ഒഴിവാക്കാൻ കഴിയില്ലെന്ന മറുപടിയാണ് ഉടമയ്ക്ക് ലഭിച്ചത്. ഇതോടെയാണ് എംവിഡിയുടെ നടപടിയിൽ പ്രതിഷേധിച്ച് ബസുടമ 'ഒരു രൂപ ചലഞ്ച്' ആരംഭിച്ചത്. പിഴ തുകയായ 7,500 രൂപ അടയ്ക്കുന്നതിനായി യാത്രക്കാരോടും സഹപ്രവർത്തകരോടും ഒരു രൂപ വീതം സംഭാവന നൽകാനാണ് ബസുടമയുടെ അഭ്യർത്ഥന.

​പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന ദിവസം, സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയതിൽ പ്രതിഷേധിച്ച് പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയ ബസാണ് ഈ 'ലിറ്റിൽ ഫ്ലവർ'. അതിനു പിന്നാലെയാണ് ഇപ്പോൾ എംവിഡിയുടെ പിഴയും അതിനെതിരെയുള്ള ബസുടമയുടെ 'ഒരു രൂപ ചലഞ്ചും' ചർച്ചയാകുന്നത്.