എഐ ക്യാമറ: എസ് ആർ ഐ ടി അയച്ച വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് ചെന്നിത്തല
 

 

എ ഐ ക്യാമറ അഴിമതി ആരോപണത്തിൽ എസ് ആർ ഐ ടി അയച്ച വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട്. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. കേരളം കണ്ട വലിയ അഴിമതിയാണ്. അഴിമതി ആരോപണം ഉയർന്നാൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ടതാണ്. 

വിഷയത്തിൽ മറുപടി പറയേണ്ടത് സിപിഐഎം സംസ്ഥാന സെക്രട്ടറി അല്ല. ആ മറുപടികൊണ്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ മടിയിൽ കനമുള്ളതുകൊണ്ടാണ് അദ്ദേഹം മാധ്യമങ്ങളെ കാണാതിരുന്നത്. കരാർ കിട്ടാത്ത കമ്പനികൾ അല്ല മറിച്ച്, കരാറിൽ പങ്കെടുത്ത കമ്പനികളാണ് വസ്തുതകൾ തുറന്നു പറഞ്ഞത്. കെൽട്രോണിനെ മുൻനിർത്തി നടന്നത് വൻ അഴിമതി. അൽഹിന്ദും ലൈഫ് മാസ്റ്ററും കരാർ കിട്ടിയ കമ്പനികൾ. അവർ ഈ കരാറിൽ നിന്ന് പിന്മാറിയത് അഴിമതി എന്ന് ബോധ്യപ്പെട്ടതിനാലാണെന്ന് ചെന്നിത്തല പറഞ്ഞു.

ടെൻഡർ നടപടി ശരിയായ രീതിയിൽ അല്ല. കെൽട്രോൺ എസ് ആർ ഐ ടിക്ക് കരാർ നൽകിയത് മുൻകൂട്ടിയുള്ള ആസൂത്രത്തോടെ. നൂറുകോടിയിൽ താഴെ ചിലവ് വരുന്ന പദ്ധതിയാണ് 232 കോടി രൂപയ്ക്ക് കരാർ നൽകിയത്. വ്യവസായ സെക്രട്ടറിക്ക് അന്വേഷണ ചുമതല നൽകിയിട്ടും റിപ്പോർട്ട് പുറത്തുവന്നില്ല. ഇതിലെല്ലാം കള്ളക്കളികൾ ഉള്ളതിനാലാണ് റിപ്പോർട്ട് പുറത്തുവിടാത്തത്. കെൽട്രോണിനെ വെള്ളപൂശി ഒരു സെക്രട്ടറിക്കും റിപ്പോർട്ട് തയ്യാറാക്കാനാവില്ല എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.