അഞ്ച് ഇന്ദിരാ ഗാരന്റികളും നടപ്പിലാക്കും, വാഗ്ദാനങ്ങൾ പൂർണമായി പാലിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
May 29, 2026, 16:14 IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗാരന്‍റികളും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് ഗാരന്‍റികൾ സർക്കാർ പ്രഖ്യാപിച്ചു. മറ്റുള്ളവ സാമ്പത്തിക കാര്യങ്ങൾ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയാണ്. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി കേരളത്തെ മാറ്റും. ഉന്നത വിദ്യാഭ്യാസമേഖലയെ ആധുനീകരിക്കും. പുതിയ അറിവുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.