{"vars":{"id": "89527:4990"}}

തിങ്കളാഴ്ച രാവിലെ ആറ് മുതൽ 12 മണി വരെ സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും അടച്ചിടും

 
കോഴിക്കോട്: തിങ്കളാഴ്ച രാവിലെ ആറ് മുതൽ 12 മണി വരെ സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും അടച്ചിടാൻ തീരുമാനം. എലത്തൂര്‍ എച്ച്പിസിഎല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സിന്റെ തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചു ദിവസമായി തര്‍ക്കമാണ് ഇതിനു പിന്നിൽ. 300 രൂപ വരെയാണ് ഡ്രൈവർക്ക് നൽകിയിരുന്നു. ഈ തുക കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർമാർ രംഗത്തെത്തുകയും ആവശ്യം ഡീലർമാർ നിരസിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു തർക്കം നടക്കുന്നത്.