{"vars":{"id": "89527:4990"}}

അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ല; തിരക്കുകൾ കാരണമുള്ള അസൗകര്യമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

 

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി. ഡി. സതീശനെ കാണാൻ അവസരം നിഷേധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ്. കൂടിക്കാഴ്ചയ്ക്ക് അലോഷ്യസ് സേവ്യർ സമയം ചോദിച്ചപ്പോൾ മുഖ്യമന്ത്രിക്ക് മറ്റ് ഔദ്യോഗിക തിരക്കുകൾ ഉണ്ടായിരുന്നതിനാലാണ് സമയം അനുവദിക്കാൻ സാധിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

​മുഖ്യമന്ത്രി കൊല്ലത്ത് ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്ന സമയത്താണ് കൂടിക്കാഴ്ചയ്ക്കായി സമയം തേടിയതെന്നും ഓഫീസ് വ്യക്തമാക്കി. കൊച്ചിയിൽ നടന്ന ഒരു പൊതു പരിപാടിക്കിടെ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി മടങ്ങിയെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും കെഎസ്‌യു നേതൃത്വം ഇതിനെതിരെ രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ കൃത്യമായ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്നും തങ്ങളുടെ കൂടി മുഖ്യമന്ത്രിയായതിനാൽ ഇനിയും കാണാൻ ശ്രമിക്കുമെന്നും അലോഷ്യസ് സേവ്യർ നേരത്തെ പ്രതികരിച്ചിരുന്നു.