'അമ്മ'യിൽ പവർ ഗ്രൂപ്പുണ്ട്; സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതോടെ ആക്രമണം: ശ്വേത മേനോൻ
കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളിൽ വലിയ രീതിയിലുള്ള സാമ്പത്തിക തിരിമറികളും പവർ ഗ്രൂപ്പിന്റെ ഇടപെടലുകളും നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണങ്ങളുമായി നടി ശ്വേത മേനോൻ. തന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങൾക്കോ വ്യക്തിപരമായ നേട്ടങ്ങൾക്കോ വേണ്ടിയായിരുന്നില്ലെന്ന് വ്യക്തമാക്കിയ ശ്വേത, സംഘടനയിലെ സാധാരണക്കാരായ അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
അമ്മ അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കുമായി മാറ്റിവെച്ചിരുന്ന ഫണ്ടിൽ ചില കുറ്റാരോപിതർ മുൻപ് നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തുകയും അത് ചോദ്യം ചെയ്യാൻ തുടങ്ങുകയും ചെയ്തതോടെയാണ് തനിക്കെതിരെ വലിയ രീതിയിലുള്ള അപവാദ പ്രചാരണങ്ങളും ആക്രമണങ്ങളും ആരംഭിച്ചതെന്ന് ശ്വേത ആരോപിക്കുന്നു. സംഘടനയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ വെച്ച് തനിക്കെതിരെ കയ്യേറ്റശ്രമം വരെ ഉണ്ടായതായി താരം വെളിപ്പെടുത്തി.
ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ 'പവർ ഗ്രൂപ്പിനെ' ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് താൻ നേരിട്ട ആക്രമണങ്ങളെന്ന് ശ്വേത പറഞ്ഞു. ഈ കുറ്റാരോപിതർ ചെയ്യുന്ന തട്ടിപ്പുകൾക്ക് എന്തിന് ചീത്തപ്പേര് കേൾക്കണം എന്ന് ചിന്തിച്ചിട്ടാകാം മുൻപ് മോഹൻലാൽ വരെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പോയതെന്നും ശ്വേത കുറിപ്പിൽ കൂട്ടിച്ചേർത്തു. എത്രയൊക്കെ നുണക്കഥകൾ പ്രചരിപ്പിച്ചാലും ഈ പോരാട്ടത്തിൽ നിന്നും താൻ പിന്നോട്ടില്ലെന്നും, പവർ ഗ്രൂപ്പിനെ സാധാരണ മെമ്പർമാരുടെ മുന്നിൽ തുറന്നുകാട്ടാൻ കഴിഞ്ഞത് തന്നെയാണ് തന്റെ വിജയമെന്നും ശ്വേത മേനോൻ വ്യക്തമാക്കി.