{"vars":{"id": "89527:4990"}}

എല്ലാ ജലസ്രോതസ്സുകളിലും അമീബയുടെ സാന്നിധ്യമുണ്ട്; ചികിത്സാ മാർഗരേഖ പുറത്തിറക്കിയത് കേരളമെന്ന് മന്ത്രി
 

 

അമീബിക് മസ്തിഷ്‌ക ജ്വരം അപൂർവ രോഗമാണെന്നും എല്ലാ ജലസ്രോതസ്സുകളിലും അമീബ സാന്നിധ്യമുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. ഈ രോഗത്തിന് ചികിത്സാ മാർഗരേഖ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഏകാരോഗ്യ ആശയത്തിൽ അധിഷ്ഠിതമായ കർമപദ്ധതി തയ്യാറാക്കിയ ലോകത്തിലെ ഏക ഭൂപ്രദേശമാണ് കേരളമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മന്ത്രി മറുപടി നൽകി

രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ച് വിശദമായ മാർഗനിർദേശങ്ങളുള്ള സാങ്കേതിക മാർഗരേഖ കേരളത്തിനുണ്ട്. കുളം, പുഴ, തടാകം, സ്വിമ്മിംഗ് പൂൾ, ടാപ്പിലെ വെള്ളം, കനാൽ, വാട്ടർ ടാങ്ക് തുടങ്ങി രോഗം പകരാൻ സാധ്യതയുള്ള എല്ലാ ജല ഉറവിടങ്ങളെക്കുറിച്ചും ഇതിൽ ശാസ്ത്രീയമായി വിശദീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

ആരോഗ്യ വകുപ്പ് ഇരുട്ടിൽ തപ്പുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ യഥാർഥത്തിൽ ഇരുട്ടിൽ തപ്പുന്നത് പ്രതിപക്ഷമാണ്. നിപ പോലുള്ള രോഗത്തെ കേരളം പിടിച്ചു കെട്ടിയതാണ്. മരണനിരക്ക് 33 ശതമാനം മാത്രമാണെന്നും മന്ത്രി പരഞ്ഞു. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ചികിത്സാ രംഗത്തുണ്ടായ അപചയങ്ങളിലും മന്ത്രി മറുപടി പറഞ്ഞു.