തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്
Sep 14, 2025, 00:29 IST
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17കാരനാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്. അസുഖം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളം അടച്ചു. കുളത്തിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
ഒരു മാസത്തിനിടെ ആറു പേരാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ കണക്ക് ആരോഗ്യ വകുപ്പ് തിരുത്തിയിരുന്നു. രോഗം ബാധിച്ച് നേരത്തെ രണ്ട് പേർ മരിച്ചെന്നായിരുന്നു ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്ക്.
എന്നാൽ നിലവിലെ കണക്ക് പ്രകാരം കേരളത്തിൽ ഈ വർഷം 17 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.