അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരം
Sep 7, 2025, 08:13 IST
കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരം. ചികിത്സയിലുള്ള രണ്ട് മലപ്പുറം സ്വദേശികളുടെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. വെന്റിലേറ്റർ സഹായത്തിലാണ് ഇവർ ജീവൻ നിലനിർത്തുന്നത്
എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന എട്ട് പേർ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചികിത്സയിലായിരുന്ന 45കാരനും മരിച്ചു. ഒരു മാസത്തിലേറെയായി ഇദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
വിദേശത്ത് നിന്നടക്കം മരുന്ന് എത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. രണ്ട് കുട്ടികൾ സഹിതം 12 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.