സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിനിയായ 62കാരിക്ക് രോഗബാധ
Oct 14, 2025, 08:28 IST
കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കൽ സ്വദേശിനിയായ 62കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഇവരുടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു
ഇവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് കൊല്ലം സ്വദേശികൾ മരിച്ചിരുന്നു
സംസ്ഥാനത്ത് ഇന്നലെ മാത്രം നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം വ്യാപിക്കുമ്പോഴും ഉറവിടം സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്.