പ്രത്യേക പ്രതിനിധി നിയമനം: ശമ്പളം വേണ്ടെന്ന് കെവി തോമസ്, സർക്കാരിന് കത്ത് നൽകി
 

 

ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായുള്ള സർക്കാർ നിയമനത്തിന് ശമ്പളം വേണ്ടെന്ന് കാണിച്ച് കെ വി തോമസ് സർക്കാരിന് കത്ത് നൽകി. ശമ്പളത്തിന് പകരം ഓണറേറിയം അനുവദിച്ചാൽ മതിയെന്നാണ് കെ വി തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്. കെവി തോമസിന്റെ കത്ത് പരിശോധനക്കായി ധനകാര്യ വകുപ്പിന് കൈമാറി. 

ധനകാര്യ വകുപ്പാണ് ജീവനക്കാരുടെ എണ്ണവും ആനുകൂല്യങ്ങളും നിശ്ചയിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം നൽകിയാൽ ഉത്തരവിറക്കും. വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളിൽ മതിയെന്നും കെവി തോമസ് കത്തിൽ പറയുന്നു.  

അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആർഎ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ശമ്പളം. സേവനത്തിന് പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതാണ് ഓണറേറിയം. കാബിനറ്റ് റാങ്കോടെയാണ് കെവി തോമസിനെ ഡൽഹിയിൽ നിയമിച്ചിരിക്കുന്നത്.