അരിക്കൊമ്പൻ വീണ്ടും കേരളാ വനമേഖലയിൽ; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
 

 

അരിക്കൊമ്പൻ വീണ്ടും പെരിയാർ റേഞ്ചിലെ വനമേഖലയിൽ. ഇന്നലെ രാത്രിയോടെ തമിഴ്‌നാട് വനമേഖലയിൽ നിന്ന് കേരളത്തിലേക്ക് കടന്നതായി ജിപിഎസ് കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചു. ആന ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് വനംവകുപ്പ്. 

കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ മേഘമല ടൈഗർ റിസർവിന് സമീപമാണ് അരിക്കൊമ്പനുണ്ടായിരുന്നത്. ഇതിനോടു ചേർന്നുള്ള ജനവാസ മേഖലക്ക് സമീപം അരിക്കൊമ്പനെത്തിയതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ പിന്നാലെ അരിക്കൊമ്പൻ കേരളാ മേഖലയിലേക്ക് മടങ്ങുകയായിരുന്നു

ദിവസം ശരാശരി 40 കിലോമീറ്റർ ദൂരം ആന സഞ്ചരിക്കുന്നതായാണ് വിവരം. ഇതിനാൽ തന്നെ അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന നിഗമനത്തിലാണ് അധികൃതർ.