കോട്ടപ്പുറത്തിന്റെ സൗന്ദര്യം ആസ്വദിച്ച്‌ കരസേനാ മേധാവി

നീലേശ്വരം: കോട്ടപ്പുറത്തിന്റെയും തേജസ്വിനിയുടെയും പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിഞ്ഞ ദിവസം ഒരു വിവിഐപി എത്തി. ഇന്ത്യൻ കരസേനാ മേധാവി മനോജ് മുകുന്ദ് നാരാവ്നെയും കുടുംബവും. ഏഴിമല നാവിക
 

നീലേശ്വരം: കോട്ടപ്പുറത്തിന്റെയും തേജസ്വിനിയുടെയും പ്രകൃതി ഭംഗി ആസ്വദിക്കാൻ‌ കഴിഞ്ഞ ദിവസം ഒരു വിവിഐപി എത്തി. ഇന്ത്യൻ കരസേനാ മേധാവി മനോജ് മുകുന്ദ് നാരാവ്നെയും കുടുംബവും.

ഏഴിമല നാവിക അക്കാദമി കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിന് എത്തിയതായിരുന്നു അദ്ദേഹം. ശ്രീലങ്കയിൽ നിന്നുള്ള 2 പേരുൾപ്പെടെ 164 നാവികരുടെ പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കിയ ശേഷമായിരുന്നു കരസേനാ മേധാവിയുടെ കായൽ യാത്ര. ഏഴിമലയിൽ നിന്നു റോഡ് മാർഗം പയ്യന്നൂർ കൊറ്റി വഴി ഇടയിലക്കാട് ബണ്ടിനരികിൽ വന്നിറങ്ങിയാണ് ’വലിയപറമ്പ് ക്രൂസി’ന്റെ ഹൗസ്‌ബോട്ടിൽ കയറിയത്. കായൽ യാത്രയ്ക്കായി ദിവസങ്ങൾക്കു മുൻപേ ആയിറ്റി കടവിലെ വലിയപറമ്പ് ക്രൂസിന്റെ ഹൗസ്‌ബോട്ട്‌ ഏർപ്പാടാക്കുകയും കർശന പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. ആരെയും മയക്കുന്ന തേജസ്വിനിയുടെ ശാന്തമായ ഓളപ്പരപ്പിലൂടെ കാഴ്ചകൾ കണ്ട് മേധാവിയും ഇടയിലക്കാട് നിന്ന് വടക്കൻ ദിശയിലൂടെ കോട്ടപ്പുറത്തിന്റെ സൗന്ദര്യം കണ്ടു മടങ്ങി.

ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിൽ കണ്ണൂർ–കാസർകോട് ജില്ലകളിലെ നൂറിൽപരം സിവിൽ പൊലീസ് ഓഫിസർമാരും പൊലീസിലെ വിവിധ വിഭാഗങ്ങളും സുരക്ഷയൊരുക്കി.