നേപ്പാളിൽ തടവുചാടിയവർക്ക് നേരെ വെടിയുതിർത്ത് സൈന്യം; രണ്ട് പേർ കൊല്ലപ്പെട്ടു
Sep 11, 2025, 12:31 IST
നേപ്പാളിൽ വീണ്ടും സംഘർഷം. ജയിൽ ചാടിയ തടവുകാർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആഭ്യന്തര സംഘർഷങ്ങൾക്കിടെ ഏകദേശം 15,000 തടവുകാർ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം
വെടിവെപ്പിൽ 12 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ രാജ്യത്തെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. കാഠ്മണ്ഡു, ലളിത്പൂർ, ഭക്തപൂർ എന്നീ നഗരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യുവിൽ രാവിലെ 6 മണി മുതൽ ഇളവ് വരുത്തിയിട്ടുണ്ട്.
ഈ സമയങ്ങളിൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. നിലവിൽ, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സൈന്യം കനത്ത ജാഗ്രത പുലർത്തുകയാണ്. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്.