{"vars":{"id": "89527:4990"}}

മുഖ്യമന്ത്രിയുടെ ഓഫീസിൽ എല്ലാ കാലത്തും സ്ഥാനമോഹികൾ; ഇടതും വലതും ഒരേ തൂവൽ പക്ഷികൾ: കടുത്ത വിമർശനങ്ങളുമായി എ. ഹേമചന്ദ്രന്റെ സർവീസ് സ്റ്റോറി

 

തിരുവനന്തപുരം: പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിച്ച് പൊലീസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രന്റെ സര്‍വീസ് സ്റ്റോറി. സങ്കുചിത രാഷ്ട്രീയവും സ്ഥാനമോഹവും ജീവിത വ്രതമാക്കിയവര്‍ കാലാകാലങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആസ്ഥാനമാക്കിയതായി പുസ്തകത്തില്‍ പറയുന്നു.

ചില പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായുള്ള അന്തര്‍ധാരയ്ക്ക് കക്ഷി ഭേദം ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിപ്പട്ടിക തയ്യാറാക്കിയത് രാഷ്ട്രീയ പാര്‍ട്ടികളാണ്. പ്രതികളുടെ പട്ടിക നല്‍കുന്നതില്‍ ഇടതും വലതും ഒരേ തൂവല്‍ പക്ഷികളാണെന്നും പുസ്തകത്തില്‍ പറയുന്നു. ഹേമചന്ദ്രന്റെ 'അധികാരത്തിന്റെ വഴി അനീതിയുടെയും' എന്ന പുസ്തകം മറ്റന്നാള്‍ തലസ്ഥാനത്ത് പ്രകാശനം ചെയ്യും.

മന്ത്രിയും ഉദ്യോഗസ്ഥരും തമ്മില്‍ ഭാസ്‌കര്‍ പട്ടേലും തൊമ്മിയും തമ്മിലുള്ള ബന്ധം ആണെങ്കില്‍ എന്ത് വൃത്തികെട്ട കാര്യങ്ങളിലും ഇടപെടുമെന്നും ഹേമചന്ദ്രന്‍ വിമര്‍ശിക്കുന്നുണ്ട്. വിളവ് തിന്നുന്ന വേലികളെ നിര്‍ദയം പിഴുതെറിഞ്ഞില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും. കമ്മ്യൂണിറ്റി പൊലീസിങിനെ അന്നത്തെ ഡിജിപി ഉള്‍പ്പെടെ എതിര്‍ത്തതായും ഹേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

വിരളുന്നവരെ വിരുട്ടുന്നതാണ് രാഷ്ട്രീയ നേതാക്കളുടെ ശൈലിയെന്നും ഹേമചന്ദ്രന്‍ പറയുന്നു. നേതാക്കളുടെ മുന്നില്‍ മുട്ടിടിക്കുന്ന 'രോഗമുള്ള' ധാരാളം നിയമപാലകരെ താന്‍ കണ്ടിട്ടുണ്ട്. യൂണിഫോമില്‍ കൂടുതല്‍ അധികാര ചിഹ്നങ്ങള്‍ അലങ്കരിക്കുമ്പോള്‍ രോഗത്തിന്റെ തീവ്രത വര്‍ധിക്കുമെന്നും ഹേമചന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.