ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഞ്ച് പ്രതികൾക്ക് ജാമ്യമില്ല
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട് റെയ്ഡ് ചെയ്ത് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികൾക്ക് ജാമ്യമില്ല. കേസിൽ ആദ്യം അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യ ഹർജിയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. വിശദമായി വാദം കേട്ടതിനു ശേഷമായിരുന്നു കോടതി വിധി.
ആക്രമണം നടക്കുമ്പോൾ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ആയിരുന്നില്ല എന്നായിരുന്നു ജാമ്യ ഹർജിയിൽ പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. ആക്രമിക്കപ്പെട്ട വാഹനം ഇഡിയുടെ ഔദ്യോഗിക വാഹനമായിരുന്നില്ലെന്നും അതിനാൽ പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതിഭാഗത്തിന്‍റെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. റെയ്ഡ് കഴിഞ്ഞ് ഓഫിസിൽ എത്തുന്നതുവരെ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലാണ്. അതിനാൽ ഓദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റമടക്കം നിലനിൽക്കും. മാത്രമല്ല വാഹനം വാടകയ്ക്ക് എടുത്തതായാലും അത് ഔദ്യോഗിക വാഹനമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.
പിണറായി വിജയൻ താമസിക്കുന്ന ബേക്കറി ജങ്ഷനിലെ വാടക വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. സിപിഎം പ്രവർത്തകരായ ശ്രീജിത്ത്, ജിതിൻരാജ്, മനോജ്, ജീവൻ, ഷാഹിൻ എന്നിവരാണ് കേസിൽ ആദ്യദിവസം അറസ്റ്റിലായ പ്രതികൾ. ഇവരുൾപ്പെടെ 25 സിപിഎം പ്രവർത്തകർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മൂന്നുപേർ നിലവിൽ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന 300-ഓളം പേർക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 200 പേരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇതിനായുള്ള പട്ടിക പൊലീസ് തയാറാക്കിവരികയാണ്.