{"vars":{"id": "89527:4990"}}

അടിച്ചത് മനഃപൂർവമല്ല; ലോക്കൽ പൊലീസ് വെറുതെ നിന്നതിനാലാണ് ചാടിയിറങ്ങിയത്: ഗൺമാൻ സന്ദീപിനെ ചോദ്യംചെയ്ത് എസ്.ഐ.ടി

 

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻ സന്ദീപിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. അടിച്ചത് മനഃപൂർവമല്ലെന്നും ചെയ്തത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമെന്നും സന്ദീപ് മൊഴി നൽകി. തങ്ങൾ തടഞ്ഞില്ലായിരുന്നെങ്കിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കുമായിരുന്നെന്നും ലോക്കൽ പൊലീസ് വെറുതെ നിൽക്കുന്നത് കൊണ്ടാണ് വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയതെന്നും സന്ദീപ് മൊഴി നൽകി.

മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും ഗൺമാനുമായ സന്ദീപ് കേസിൽ രണ്ടാം പ്രതിയാണ്. നേരത്തെ നൽകിയ സത്യവാങ്മൂലത്തിലും മുൻകൂർ ജാമ്യഹരജിയിലും നൽകിയ വിവരങ്ങൾ എസ്ഐടിക്ക് മുൻപിലും ആവർത്തിക്കുകയായിരുന്നു സന്ദീപ്. തങ്ങൾ തടഞ്ഞില്ലായിരുന്നെങ്കിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വാഹനം തകർക്കുമായിരുന്നെന്നും ലോക്കൽ പൊലീസ് ഒന്നും ചെയ്യാതിരുന്നതിനാലാണ് തങ്ങൾക്ക് വാഹനത്തിൽ നിന്ന് ചാടിയിറങ്ങി പ്രതികരിക്കേണ്ടിവന്നതെന്നും സന്ദീപ് മൊഴി നൽകിയതായാണ് വിവരം. പ്രതിഷേധക്കാർ പിന്മാറുന്നില്ലെന്നതിനാലാണ് ലാത്തി പ്രയോഗിക്കേണ്ടിവന്നതെന്നും മൊഴി നൽകി. അതേസമയം, ലാത്തി എവിടെനിന്നാണ് സംഘടിപ്പിച്ചതെന്ന ചോദ്യത്തിന് സന്ദീപ് മറുപടി നൽകിയില്ല. നേരത്തെ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും മുൻകൂർ ജാമ്യഹരജിയിലും സമാനമായ വിവരങ്ങൾ തന്നെയാണ് നൽകിയെന്നതിനാൽ തന്നെ മൊഴി എത്രകണ്ട് എസ്ഐടി വിശ്വാസത്തിലെടുക്കുമെന്നത് നിർണായകമായിരിക്കും.

കേസിൽ പ്രതികളായ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് വിധി പറഞ്ഞത്. എ.ഡി തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർക്കാണ് ക്രൂരമർദനമേറ്റത്. പ്രതികൾക്കെതിരെ നരഹത്യശ്രമം അടക്കമുള്ള ജാമ്യമില്ല വകുപ്പുകൾ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതികൾ ആലപ്പുഴ ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.