{"vars":{"id": "89527:4990"}}

നിയമസഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 9-ന് കേരളത്തിൽ പൊതുഅവധി; സ്വകാര്യ മേഖലയ്ക്കും ശമ്പളത്തോടു കൂടിയ അവധി

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് കേരളത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി ബാധകമായിരിക്കും.

നെഗോഷ്യബിൾ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കണമെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. വോട്ടുള്ള മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും വോട്ട് ചെയ്യാന്‍ പോകുന്നതിന് ശമ്പളത്തോട് കൂടിയുള്ള അവധി ഉണ്ടായിരിക്കും. താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ശമ്പളത്തോട് കൂടിയുള്ള അവധി അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കേരളത്തില്‍ ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. മാര്‍ച്ച് 23 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. പ്രമുഖ നേതാക്കന്മാരെല്ലാവരും തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. മാര്‍ച്ച് 24 ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് പതിനഞ്ചിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആറ് പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ് പത്രിക സമര്‍പ്പിക്കാനായി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.