ക്ഷേത്രോത്സവത്തിനിടെ ആക്രമണം: ബിജെപി കൗൺസിലർ ആർ. സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ആക്രമണം നടത്തിയെന്ന കേസില്‍ ബിജെപി കൗൺസിലർ ആർ സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5.30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. അല്പസമയത്തിനകം സുഗതനുമായി തെളിവെടുപ്പ് നടത്തും. അഞ്ചരയ്ക്ക് ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
രാവിലെ 10 ഓടെയാണ് സുഗതനെ കോടതിയിൽ എത്തിച്ചത്. വൈദ്യ പരിശോധനക്ക് കൊണ്ടുപോയ ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്ന് സുഗതൻ കോടതിയെ അറിയിച്ചു. ഒരു ദിവസമെങ്കിലും നിന്നെ ഉള്ളിൽ കിടത്തണമെന്നത് ഞങ്ങളുടെ ആഗ്രഹമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു എന്നായിരുന്നു സുഗതന്റെ പരാതി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയ കോടതി സംഭവത്തിന്റെ ഗൗരവത്തെ കുറിച്ച് അറിയില്ലേയെന്നും ചോദിച്ചു. കീഴ്വഴക്കം മറികടന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ വൈദ്യപരിശോധനക്ക് കൊണ്ടു പോയതെന്നും ആക്ഷേപം ഉയർന്നിരുന്നു.