വിദ്യാർഥിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി; സ്‌കൂട്ടറിൽ കയറ്റിയത് വഴി കാണിക്കാനെന്ന വ്യാജേന
കാസർകോട് റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അക്രമിയെ ഹെൽമറ്റ് കൊണ്ട് അടിച്ച് വിദ്യാർഥി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം അറിയിച്ചു. പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്
ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്ന പതിനാറുകാരനായ വിദ്യാർഥിയോട് സ്‌കൂട്ടറിലെത്തിയ ആൾ വഴി ചോദിക്കുകയായിരുന്നു. വഴി പറഞ്ഞ് നൽകിയെങ്കിലും ഇയാൾ തൃപ്തനായില്ല. വഴി കാണിക്കാനെന്ന വ്യാജേന ഇയാൾ വിദ്യാർഥിയെ സ്‌കൂട്ടറിൽ കയറ്റി
പിന്നീട് വിജനമായ വീട്ടിലേക്കാണ് സ്‌കൂട്ടർ ഓടിച്ചു കൊണ്ടുപോയത്. ഇവിടെ എത്തിച്ച് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. സ്‌കൂട്ടറിന് മുകളിലുണ്ടായിരുന്ന ഹെൽമറ്റ് എടുത്ത് ഇയാളെ ആക്രമിച്ചാണ് വിദ്യാർഥി ഓടി രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.