ബിജെപി നിയമസഭാകക്ഷി നേതാവായി ബി.ബി. ഗോപകുമാറിനെ തിരഞ്ഞെടുത്തു; മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും ഒഴിവാക്കി കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: കേരള നിയമസഭയിലെ എൻഡിഎ (ബിജെപി) നിയമസഭാകക്ഷി നേതാവായി ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിനെ തിരഞ്ഞെടുത്തു. മുൻ കേന്ദ്ര മന്ത്രിമാരും മുതിർന്ന നേതാക്കളുമായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ തമ്മിലുണ്ടായ കടുത്ത തർക്കങ്ങൾക്കൊടുവിലാണ് ഇരുവരെയും തള്ളി കേന്ദ്ര നേതൃത്വം ഗോപകുമാറിനെ ഈ സ്ഥാനത്തേക്ക് നിശ്ചയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് അംഗങ്ങളെ വിജയിപ്പിച്ചുകൊണ്ട് ബിജെപി ചരിത്രനേട്ടം കുറിച്ചതിന് പിന്നാലെ, സഭയിലെ പാർട്ടി നേതാവാരെന്ന കാര്യത്തിൽ വലിയ തർക്കങ്ങൾ ഉടലെടുത്തിരുന്നു. നേമം മണ്ഡലത്തിൽ നിന്ന് വിജയിച്ച സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്തു നിന്ന് വിജയിച്ച വി. മുരളീധരനും പദവിക്കായി അവകാശവാദമുന്നയിച്ചതാണ് തീരുമാന നീളാൻ കാരണമായത്. ഇരുവരും തമ്മിലുള്ള ചേരിപ്പോര് മുറുകിയതോടെയാണ്, തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടതും ഇരുവരെയും അപ്രസക്തരാക്കി ബി.ബി. ഗോപകുമാറിന് നറുക്കുവീണതും.
ചാത്തന്നൂർ എസ്എൻ ട്രസ്റ്റ് സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്ന അദ്ദേഹം, ഇത്തവണ സിപഐയുടെ കുത്തക സീറ്റായ ചാത്തന്നൂരിൽ അട്ടിമറി വിജയം നേടിയാണ് സഭയിലെത്തിയത്. കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിലും ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചത് ഗോപകുമാറായിരുന്നു. ഒടുവിൽ തർക്കങ്ങൾക്ക് വിരാമമിട്ട് സഭയിലെ എൻഡിഎയുടെ അമരക്കാരനായി കേന്ദ്രം അദ്ദേഹത്തെ പ്രഖ്യാപിക്കുകയായിരുന്നു.