ബ്രഹ്മപുരത്തെ മാലിന്യപ്പുകയിൽ ജാഗ്രത വേണം; മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി
 

 

ബ്രഹ്മപുരത്തെ മാലിന്യപ്പുകയിൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി. എറണാകുളം ജില്ലയിലുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് വീണാ ജോർജ് പറഞ്ഞു. ഈ ഘട്ടത്തിൽ സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും നല്ലൊരു പ്രതിരോധമാണ് മാസ്‌ക് എന്നും ആരോഗ്യ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഗർഭിണികൾ കുഞ്ഞുങ്ങൾ രോഗികൾ പ്രായമായവർ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് പ്രത്യേകിച്ച് ഉറപ്പുവരുത്തണം. മാലിന്യപ്പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർക്കായി വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അർബൻ ക്ലിനിക്കൽ സെന്ററുകളിൽ 'ശ്വാസ്' ക്ലിനിക്കുകൾ തുടങ്ങുമെന്നും സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്മോക്ക് എക്‌സ്‌പോഷർ കുറയ്ക്കാൻ ജാഗ്രത വേണം. സ്മോക്ക് എക്‌സ്‌പോഷർ അനുഭവപ്പെട്ട് ചികിത്സ തേടിയിട്ടുള്ള പലർക്കും തുടർ ചികിത്സ ആവശ്യമായി വന്നില്ല എന്നുള്ളത് ആശ്വാസകരമാണ്. മാലിന്യപ്പുക ചൂട് എന്നിവയെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു