ബംഗളൂരു സ്‌ഫോടനക്കേസ്: പുതിയ കോടതിയിലെത്തിയാലും വിചാരണ നീളാൻ സാധ്യത
കോഴിക്കോട്: ഏറെ ചർച്ച ചെയ്യപ്പെട്ട ബംഗളൂരു സ്ഫോടനക്കേസിന്റെ വിചാരണ പുതിയ കോടതിയിലേക്ക് മാറ്റിയെങ്കിലും നടപടികൾ ഇനിയും നീണ്ടുപോകാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേസ് പരിഗണിക്കുന്ന പുതിയ ജഡ്ജി കെ. ഭാഗ്യ, ആറുമാസത്തിനകം സ്ഥാനക്കയറ്റം ലഭിച്ചു പോകേണ്ടവരാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഈ സാഹചര്യത്തിൽ, ആറുമാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പ്രഖ്യാപിച്ചില്ലെങ്കിൽ കേസ് വീണ്ടും പുതിയൊരു ജഡ്ജിയുടെ മുന്നിലേക്ക് എത്തുന്ന സാഹചര്യമുണ്ടാകും. ഇത് വിധി പറയുന്നതിനെ വീണ്ടും അനിശ്ചിതത്വത്തിലാക്കും.
നേരെത്തെ ബംഗളൂരു അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലെ 43-ാം നമ്പർ കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നിരുന്നത്. എന്നാൽ സംസ്ഥാന പൊലീസ് അന്വേഷിച്ച എൻ.ഐ.എ കേസുകൾ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി കേസ് 93-ാം നമ്പർ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഏഴ് മാസത്തോളം നീണ്ട അന്തിമവാദം പൂർത്തിയാക്കി വിധി പറയാൻ കാത്തിരിക്കെയാണ് ഈ കോടതിമാറ്റം ഉണ്ടായത്.
വിചാരണ വേഗത്തിൽ തീർക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശമുണ്ടായിട്ടും കേസ് നീണ്ടുപോകുന്നതിനെതിരെ വിചാരണ നേരിടുന്നവർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതോടൊപ്പം, ഈ കേസിൽ പ്രതിയെന്നാരോപിച്ച് കഴിഞ്ഞ 17 വർഷമായി (2009 മുതൽ) ജാമ്യമില്ലാതെ വിചാരണത്തടവുകാരനായി കഴിയുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ താൽക്കാലിക ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ബംഗളൂരുവിലെ പ്രത്യേക കോടതി തള്ളിയിരുന്നു.