ഗവർണറുടെ നയപ്രഖ്യാപനത്തിൽ വൻ പ്രഖ്യാപനങ്ങൾ; പ്ലസ് വൺ സീറ്റ് വർധന, സംയോജിത ഗതാഗതം, സഹകരണ സംഘങ്ങളിൽ തെരഞ്ഞെടുപ്പും ഉടൻ
തിരുവനന്തപുരം: തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ സർക്കാരും ലോക്‌ഭവനും തമ്മിൽ കല്ലുകടി. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിൻ്റെ ഭാഗമായി വന്ദേ മാതരം മുഴുവൻ വായിക്കണമെന്ന നിർദേശം സർക്കാർ തള്ളി. കേരള പൊലീസിൻ്റെ ബാൻ്റ് വന്ദേ മാതരത്തിൻ്റെ ആദ്യ ഭാഗം മാത്രം വായിച്ച് നിർത്തി. ഇന്നലെ റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക് ഭവൻ നിർദേശിച്ചിരുന്നു. ഇതോടെ ഗവർണറുടെയും ലോക്‌ഭവൻ്റെയും തുടർ നീക്കം എന്താകുമെന്നാണ് ഉറ്റുനോക്കുന്നത്. അതേസമയം ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് നടത്തിയത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി.
ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും. ഇതിലെ പ്രധാന ഗ്യാരൻ്റിയായ വയോജന വകുപ്പ് സംസ്ഥാനത്ത് ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ തീരുമാനിച്ചു. റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങൾ ബന്ധിപ്പിച്ച് ബൃഹദ്‌പദ്ധതി നടപ്പാക്കും. മനുഷ്യ മൃഗ സംഘർഷ മേഖലയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് പ്രവർത്തിക്കും. വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കും. മണ്ണ് പരിശോധനക്ക് ശാസ്ത്രീയ സംവിധാനം കൊണ്ടുവരും. സുഗന്ധവ്യഞ്ജന പാർക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയും നടപ്പാക്കുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കി
തീയറ്റർ മേഖലക്ക് പ്രോത്സാഹനം നൽകും. രാജ്യാന്തര ചലച്ചിത്രമേള മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കും. തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കുമെന്നും ഗവർണറുടെ പ്രസംഗത്തിൽ വ്യക്തമാക്കി.