{"vars":{"id": "89527:4990"}}

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ വൻ ട്വിസ്റ്റ്; പിന്നിൽ അർജുൻ ആയങ്കിയുടെ കൂട്ടാളികളെന്ന് സൂചന: അന്വേഷണം ശക്തമാക്കി പോലീസ്

 

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ വന്‍ട്വിസ്റ്റ്. സ്വര്‍ണം കൊണ്ടുവന്നത് നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കാണാതായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സല്‍മാന്‍ സാലിഹാണ്. ഈ സ്വര്‍ണം പൊട്ടിക്കാന്‍ ലക്ഷ്യമിട്ടത് കണ്ണൂരിലെ അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികളാണെന്നാണ് കണ്ടെത്തല്‍.

യഥാര്‍ത്ഥ ഉടമക്ക് സ്വര്‍ണം കൈമാറാതെ അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളിയായ അഭിജിത്ത് പറയുന്നയാള്‍ക്ക് സ്വര്‍ണം കൊടുക്കാന്‍ സല്‍മാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ ചെയ്താല്‍ 40 ലക്ഷമാണ് സല്‍മാന് അഭിജിത് ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ സല്‍മാന്‍ സ്വര്‍ണം അവര്‍ക്ക് നല്‍കിയില്ല. പകരം പരപ്പനങ്ങാടി സ്വദേശിയായ സാദിഖ് പറഞ്ഞ നിലമ്പൂര്‍ സ്വദേശി ഷബിക്ക് ആണ് സ്വര്‍ണം കൈമാറിയത്. എറണാകുളത്ത് മുറിയില്‍ വെച്ച് ട്രോളി ബാഗ് കുത്തിപ്പൊട്ടിച്ച് അതിനകത്തുള്ള സ്വര്‍ണം ഇവര്‍ പങ്കിട്ട് എടുക്കുകയായിരുന്നു. സല്‍മാനെയും സാദിഖിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളക്കടത്തു സ്വര്‍ണ്ണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ഒരിടവേളയ്ക്ക് ശേഷമാണ് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമായിരിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം നാട്ടിലെത്തിക്കുക എന്നത് ലാഭകരമാണ്. ഇതാണ് സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമാകാന്‍ കാരണമായിരിക്കുന്നത്.

ഞായറാഴ്ചയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘം പൊലീസിന്റെ പിടിയിലാകുന്നത്. അസ്വാഭാവിക പെരുമാറ്റം കണ്ട് പൊലീസ് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതേ ദിവസം തന്നെയാണ് വിമാനത്താവളത്തില്‍ എത്തിയ മഞ്ചേരി മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സല്‍മാന്‍ സാലിഹിന്റെ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.