ആംബുലൻസിന്റെ വഴി മുടക്കിയ സംഭവം: കാറുടമയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും

 

കോഴിക്കോട് ബാലുശ്ശേരിയിൽ ആംബുലൻസിന്റെ വഴി മുടക്കി കാറോടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കാറുടമ കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും. മെഡിക്കൽ കോളജിലെ പാലിയേറ്റീവ് പരിചരണ കേന്ദ്രത്തിൽ തരുൺ സേവനം ചെയ്യുകയും വേണം. 

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് കിലോമീറ്ററുകളാണ് തരുണിന്റെ കാർ മാർഗതടസ്സം സൃഷ്ടിച്ചത്. ഇടയ്ക്കിടെ കാർ ബ്രേക്കിട്ട് കബളിപ്പിക്കുകയും ചെയ്തിരുന്നു. ചേളന്നൂർ മുതൽ കക്കോടി ബൈപ്പാസ് വരെയാണ് കാർ മുന്നിൽ യാത്ര ചെയ്ത് മാർഗതടസ്സം സൃഷ്ടിച്ചത്. നിരന്തരം ഹോൺ മുഴക്കിയിട്ടും ഇയാൾ കാർ മാറ്റിക്കൊടുക്കാൻ തയ്യാറായില്ല. കാർ തുടർച്ചയായി ബ്രേക്കിട്ടതോടെ രോഗിയുടെ ബന്ധുക്കൾ ആംബുലൻസിനുള്ളിൽ തെറിച്ചുവീഴുന്ന സാഹചര്യവുമുണ്ടായി.