യുവതിയുടെ ശരീരത്ത് തിളച്ച പാൽ ഒഴിച്ചു, ഗുരുതര പരുക്ക്; ഒപ്പം താമസിച്ച യുവാവ് അറസ്റ്റിൽ
ശരീരത്തിൽ തിളച്ച പാൽ വീണ് പൊള്ളലേറ്റ നിലയിൽ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പറണ്ടോട് സ്വദേശിനിയായ യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പറണ്ടോട് ആനപ്പെട്ടി തടത്തിരകത്ത് വീട്ടിൽ മഹേഷിനെയാണ്(26) അറസ്റ്റ് ചെയ്തത്.
പാൽ വീണ് പൊള്ളിയ യുവതിക്ക് രണ്ട് ദിവസം ചികിത്സ നൽകിയിരുന്നില്ല. എന്നാൽ പൊള്ളൽ ഗുരുതരമായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പോലീസിൽ വിവരം അറിയിക്കണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൈ തട്ടി പാൽ ദേഹത്ത് വീണതെന്നാണ് യുവതി ആദ്യം പറഞ്ഞത്.
എന്നാൽ അമ്മ ആശുപത്രിയിൽ എത്തിയതോടെ യുവതി വിവരം പറഞ്ഞു. മഹേഷ് തിളച്ച പാൽ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. മാതാവ് ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ തോൾ മുതൽ കാൽമുട്ടിന്റെ ഭാഗം വരെ പൊള്ളലേറ്റിട്ടുണ്ട്. വിവാഹിതനായ യുവാവിനൊപ്പം രണ്ട് വർഷം മുമ്പാണ് യുവതി താമസം തുടങ്ങിയത്.