ബ്രഹ്മപുരം തീപിടിത്തം: വീഴ്ചകൾ വിശദീകരിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്
 

 

ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷന്റെയും കരാറുകൾ ഏറ്റെടുത്ത കമ്പനികളുടെയും വീഴ്ചകൾ വിശദീകരിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. ഖര മാലിന്യ സംസ്‌കരണ ചട്ടം 2016ലെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അനുമതിയില്ലാതെയാണ് ബ്രഹ്മപുരം പ്ലാന്റ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു

തീപിടിത്തം നടന്ന സ്ഥലങ്ങളും ജൈവ മാലിന്യം സംസ്‌കരിച്ച സ്റ്റാർ കൺസ്ട്രക്ഷൻസിന്റെ പ്ലാന്റും ബയോമൈനിംഗ് നടത്തുന്ന സോൻട ഇൻഫ്രാടെക്കിന്റെ പദ്ധതി പ്രദേശങ്ങളും സംഘം പരിശോധിച്ചു. പഴകിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് മാറ്റി ഈ ഭൂമി പത്ത് വർഷം മുമ്പത്തേത് പോലെയാക്കുമെന്നായിരുന്നു ബയോ മൈനിംഗ് കരാർ. എന്നാൽ ഇത് നടന്നിട്ടില്ല. 25 ശതമാനം ബയോ മൈനിംഗ് പൂർത്തിയാക്കിയതിന് 11 കോടി രൂപ കൈപ്പറ്റിയിട്ടും പ്ലാസ്റ്റിക് മാലിന്യ മുക്ത ഭൂമി എവിടെയെന്ന ചോദ്യവും ഉയരുന്നുണ്ട്

പ്ലാന്റിൽ ജൈവ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. മീഥെയ്ൻ അടക്കം തീപിടിത്ത സാധ്യത ഉയർത്തുന്ന വാതകങ്ങൾ പുറത്തുവരുന്നത് ഈ മാലിന്യങ്ങളിൽ നിന്നുമാണ്. മാലിന്യ കൂമ്പാരങ്ങൾ ഇങ്ങനെ കിടക്കുന്നത് അപകടകരമായ സ്ഥിതിയാണെന്നും പരാമർശമുണ്ട്.