ബ്രഹ്മപുരം തീപിടിത്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം, സഭ ബഹിഷ്‌കരിച്ചു
 

 

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. നിർണായകമായ ഒരു വിഷയത്തിൽ നിയമസഭയിൽ മന്ത്രിമാരുടെ മറുപടികൾ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി

കരാറുകാരെ സംരക്ഷിക്കാനാണ് അന്വേഷണം നടത്താത്തത്. കരാർ കമ്പനിക്ക് സർക്കാർ ക്ലീൻ സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞു. മുഖ്യമന്ത്രി ഈ വിഷയം തൊടില്ലെന്നും സതീശൻ പറഞ്ഞു. ഇത്രയേറെ വലിയ ദുരന്തമുണ്ടായിട്ടും മുഖ്യമന്ത്രി എന്താണ് ചെയ്തതെന്ന് വി ഡി സതീശൻ ചോദിച്ചു. മൂന്നാം ദിവസവും ഒരു പ്രശ്‌നവുമില്ലെന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്. ഇത് ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. 

ഡയോക്‌സിൻ കലർന്ന വിഷപ്പുകയാണ് കൊച്ചിയിൽ വ്യാപിച്ചത്. ഇപ്പോഴും തീയണഞ്ഞിട്ടില്ല. അയൽ ജില്ലകളിലേക്ക് വരെ വിഷപ്പുക വ്യാപിക്കുകയാണ്. ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കത്തിക്കൊണ്ടിരിക്കുന്നത്. ഇത്രയേറെ വിഷം പടരുമ്പോഴും പത്താം ദിവസം മാത്രമാണ് ജനങ്ങളോട് മാസ്‌ക് ധരിക്കാൻ ആരോഗ്യമന്ത്രി പറഞ്ഞത്. എന്ത് ക്രൈസിസ് മാനേജ്‌മെന്റാണ് ഇതെന്നും വി ഡി സതീശൻ ചോദിച്ചു.