{"vars":{"id": "89527:4990"}}

സ്വകാര്യ കമ്പനികളെ മാടിവിളിക്കുന്ന ബജറ്റ് കേരളത്തിന് അപകടം; ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാൻ ശ്രമം: കടുത്ത വിമർശനവുമായി പിണറായി വിജയൻ

 

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വകാര്യ കമ്പനികളെ മാടിവിളിക്കുന്ന സമീപനമാണ് ബജറ്റിലുള്ളതെന്നും ഇത് കേരളത്തിന് വലിയ അപകടമാണ് വരുത്തിവെക്കുകയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ഭാവി കേരളത്തിനായുള്ള യാതൊരുവിധ ബ്ലൂപ്രിന്റും ഈ ബജറ്റിലില്ലെന്നും മുൻ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ക്ഷേമ-വികസന പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകുന്ന സമീപനമാണ് പുതിയ സർക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​ഭൂപരിഷ്‌കരണം 2.0 എന്ന പ്രഖ്യാപനത്തിലൂടെ കേരളത്തിന്റെ ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. 'മിഷൻ സമുദ്ര' വഴി സ്വകാര്യ മേഖലയ്ക്ക് കേരളത്തിന്റെ തീരങ്ങൾ തീറെഴുതാനാണോ പദ്ധതി എന്ന് ആശങ്കയുണ്ട്. തീരദേശ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ അതേ കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളാണ് സംസ്ഥാനത്തും നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും പ്ലാനിങ് ബോർഡിനെ തിങ്ക് ടാങ്ക് ആക്കി മാറ്റാനുള്ള നീക്കം നെഹ്‌റുവിന്റെ വികസന കാഴ്ചപ്പാടുകളെപ്പോലും കുഴിച്ചുമൂടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

​കർഷകർക്കോ പരമ്പരാഗത മേഖലയ്ക്കോ ആശ്വാസം നൽകുന്ന യാതൊരു നടപടിയും ബജറ്റിലില്ല. എസ്‌സി-എസ്ടി വിഭാഗത്തിന് പ്രത്യേക ഭവന പദ്ധതി പ്രഖ്യാപിച്ചത് എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ 'ലൈഫ് മിഷൻ' തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. വൻ പ്രഖ്യാപനമായി അവതരിപ്പിച്ച 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്' പദ്ധതിക്കായി വെറും 10 കോടി രൂപ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. ഇത് ജനങ്ങളെ പറ്റിക്കാനുള്ള വെറും പ്രഹസനം മാത്രമാണെന്ന് വ്യക്തമാണ്. സർക്കാർ ആശുപത്രികളെ ശാക്തീകരിക്കാനുള്ള യാതൊരു നിർദ്ദേശവും ബജറ്റിൽ കാണാനില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.