യാത്രക്കാർ കുറവ്; നെടുമ്പാശേരിയിൽ റദ്ദ് ചെയ്തത് നാല് വിമാന സർവീസുകൾ

യാത്രക്കാർ കുറവായതിനാൽ നെടുമ്പാശേരിയിൽ ഇന്ന് റദ്ദ് ചെയ്തത് നാല് ആഭ്യന്തര വിമാന സർവീസുകൾ. 11 വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരിയിൽ നിന്ന് സർവീസ് നടത്തുന്നത്. മെൽബണിൽ നിന്ന് കൊച്ചിയിലെത്തിയ
 

യാത്രക്കാർ കുറവായതിനാൽ നെടുമ്പാശേരിയിൽ ഇന്ന് റദ്ദ് ചെയ്തത് നാല് ആഭ്യന്തര വിമാന സർവീസുകൾ. 11 വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരിയിൽ നിന്ന് സർവീസ് നടത്തുന്നത്. മെൽബണിൽ നിന്ന് കൊച്ചിയിലെത്തിയ ആലപ്പുഴ സ്വദേശിയെ രോഗ ലക്ഷണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെടുമ്പാശേരിയിൽ നിന്ന് ഹൈദരാബാദ്, മുംബൈ എന്നീ സ്ഥലങ്ങളിലേയ്ക്ക് ഇന്ന് സർവീസ് നടത്തേണ്ട നാല് വിമാനങ്ങളാണ് റദ്ദ് ചെയ്തത്. യാത്രക്കാർ കുറവായതിനെ തുടർന്നായിരുന്നു വിമാന കമ്പനികളുടെ നടപടി. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികളാണ് വിമാനം റദ്ദ് ചെയ്തത്.

നെടുമ്പാശേരിയിൽ നിന്ന് ഇന്ന് സർവീസ് നടത്തുന്ന 11 വിമാനങ്ങൾ മുംബൈ, പൂനെ, ഹൈദരാബാദ്, ബംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിലേയ്ക്കാണ്. യാത്രക്കാർ കുറവായതിനാൽ ഇന്നലേയും മൂന്ന് വിമാനങ്ങൾ റദ്ദ് ചെയ്തിരുന്നു. ഇതിനിടെ മെൽബണിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ ഒരാളെ കൊവിഡ് 19 രോഗ ലക്ഷണത്തെതുടർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി. ആലപ്പുഴ സ്വദേശിയെയാണ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് ലോക്ക് ഡൗണിനെ തുടർന്ന് നിർത്തി വച്ചിരുന്ന വിമാന ആഭ്യന്തര സർവീസ് പുനരാരംഭിച്ചത്. എന്നാൽ തുടങ്ങിയ ദിവസം തന്നെ നിരവധി സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിരുന്നു. ഇത് യാത്രക്കാരിൽ വലിയ ആശയക്കുഴപ്പവും പ്രതിഷേധവുമാണ് ഉണ്ടാക്കിയത്.