കൊല്ലത്ത് വാഹനാപകടം; സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഒമ്പതാം ക്ലാസുകാരൻ ടിപ്പർ ലോറി കയറി മരിച്ചു
കൊല്ലം: ജില്ലയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ പതിനാലുകാരന് അന്ത്യം. കൊല്ലം അയത്തിൽ സ്വദേശിയായ സൽമാൻ ഫാരിസ് ആണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യവേ ടിപ്പർ ലോറി ഇടിക്കുകയും കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയുമായിരുന്നു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന മറ്റൊരു ഇരുചക്രവാഹനത്തിൽ തട്ടിയാണ് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. തുടർന്ന് റോഡിലേക്ക് മറിഞ്ഞ കുട്ടി ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ദേശീയപാത നിർമാണം നടക്കുന്നതിനാൽ ഈ ഭാഗത്ത് പല റോഡുകളിലൂടെയുമാണ് നിലവിൽ വാഹനങ്ങൾ തിരിച്ചുവിടുന്നത്. വീതി കുറഞ്ഞ റോഡിൽ വെച്ചാണ് ഈ ദാരുണ അപകടം സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.