സ്‌ത്രീത്വത്തെ അപമാനിച്ചു; പ്രമുഖ നടിയുടെ പരാതിയില്‍ സനല്‍കുമാറിനെതിരെ കേസ്
Jan 28, 2025, 11:11 IST
പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ എളമക്കര പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രമുഖ നടിയെ ടാഗ് ചെയ്‌ത് സനല്‍കുമാര്‍ നിരവധി പോസ്‌റ്റുകള്‍ പുറത്തുവിട്ടിരുന്നു. നടിയുടേതെന്ന പേരില്‍ അവകാശവാദം ഉന്നയിച്ച് കൊണ്ടുള്ള ശബ്‌ദ സന്ദേശങ്ങളും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതോടെ ഈ പ്രമുഖ നടി പൊലീസിനെ സമീപിക്കുകയായിരുന്നു. അമേരിക്കയില്‍ ഇരുന്നാണ് സനല്‍കുമാര്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റുകള്‍ പങ്കുവയ്‌ക്കുന്നത്. പോസ്‌റ്റുകളുടെ ഉള്ളടക്കം പരിശോധിച്ച് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിന് മുമ്പും സനല്‍കുമാറിനെതിരെ നടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിന് 2022ല്‍ സനല്‍കുമാറിനെ എളമക്കര പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് നടിയെ പിന്‍തുടര്‍ന്ന് അപമാനിക്കുകയായിരുന്നു സംവിധായകന്‍. ഈ കാരണം ആരോപിച്ചാണ് നടി സനല്‍കുമാറിനെതിരെ പരാതി നല്‍കിയത്. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ സംവിധായകന് ജാമ്യം നല്‍കിയത്.