കെഎസ്‌യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസ്; മൊഴി നൽകി ആരോഗ‍്യ മന്ത്രി
Apr 25, 2026, 11:30 IST
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി. സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് മന്ത്രി മൊഴി നൽകിയിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനിലുണ്ടായത് കരിങ്കൊടി പ്രതിഷേധമാണെന്നും അതിനിടെ ഉന്തും തള്ളും ഉണ്ടായതായാണ് മന്ത്രിയുടെ മൊഴി. ആയുധം ഉപയോഗിച്ച് പ്രതികൾ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്.
എന്നാൽ ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിലോ സിസിടിവി ദൃശ‍്യങ്ങളിൽ നിന്നോ മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ റെയിൽവേ പൊലീസ് ഉടനെ തന്നെ കുറ്റപത്രം സമർപ്പിച്ചേക്കും.