{"vars":{"id": "89527:4990"}}

ബിജെപിയിൽ ജാതി വിവേചനം നേരിട്ടു; രാജീവ് ചന്ദ്രശേഖറിന് ബിസിനസ്സ് മൈൻഡ്: തുറന്നടിച്ച് ഡോ. ടി.എൻ. സരസു

 

കൊച്ചി: ബിജെപിയില്‍ ജാതി വിവേചനം നേരിട്ടെന്നും പ്രചാരണത്തില്‍പ്പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി അവഗണിച്ചെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ടി എന്‍ സരസു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതില്‍ പരാതിയില്ല. എന്നാല്‍ ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ചിട്ടും വേണ്ടെന്നാണ് പറഞ്ഞത്. പാര്‍ട്ടിക്കുള്ളിലെ ദളിത് വിഭാഗക്കാരോടുള്ള അവഗണനയാണ് വേദനിപ്പിക്കുന്നതെന്നും ഡോ. സരസു പറഞ്ഞു.

വോട്ടിന് വേണ്ടി താഴ്ന്ന ജാതിക്കാരെയാണ് ആവശ്യമെന്നും രാജീവ് ചന്ദ്രശേഖറിന് ബിസിനസ്സ് മൈന്‍ഡ് ആണെന്നും ടി എന്‍ സരസു പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ടി എന്‍ സരസു. 2019ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ടി വി ബാബു നേടിയതിനേക്കാള്‍ ഒരു ലക്ഷത്തോളം വോട്ട് ടി എന്‍ സരസു അധികം നേടിയിരുന്നു.

ഗുരുവായൂരില്‍ ഇത്തവണ അഡ്വ. ബി ഗോപാലകൃഷ്ണനും കൊടുങ്ങല്ലൂരില്‍ ട്വന്റി ട്വന്റിയുടെ ഡോ. വര്‍ഗീസ് ജോര്‍ജുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.

മത്സരിക്കാന്‍ ആഗ്രഹിച്ചതും പ്രവര്‍ത്തിച്ചതും കൊടുങ്ങല്ലൂരിലാണെന്നും നിയോഗം ഗുരുവായൂരിലാണെന്നും വ്യക്തമാക്കി ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചായിരുന്നു ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലാണ് ഗുരുവായൂര്‍ നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്. സിപിഐഎമ്മിന്റെ എന്‍ കെ അക്ബറാണ് ഗുരുവായൂര്‍ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ. 77,072 വോട്ടുകളായിരുന്നു എന്‍ കെ അക്ബറിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എന്‍ എ ഖാദറിന് 58,804 വോട്ട് ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ദിലീപ് നായര്‍ക്ക് 6294 വോട്ടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.