വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി
Mar 25, 2025, 12:16 IST
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി. അടുത്ത മാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാകാനാണ് നിർദേശം. ആറ് കുറ്റപത്രങ്ങളിൽ ഇരുവരെയും സിബിഐ പ്രതി ചേർത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐയുടെ നീക്കം. കേസിൽ തുടരന്വേഷണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട് കുട്ടികളുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സിബിഐ മുഖവിലക്ക് എടുത്തിട്ടില്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായി എന്നറിഞ്ഞിട്ടും മറച്ചുവെച്ചതിന് മാതാപിതാക്കളെ പ്രതി ചേർത്തത് മക്കളുടെ മുന്നിൽ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ഇളയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു. 13, 9 വയസ്സുള്ള രണ്ട് പെൺകുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയിൽ വീട്ടിലെ ഒറ്റമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.