സെൻസറിംഗ് ലംഘനം: നസ്ലെൻ ചിത്രം 'മോളിവുഡ് ടൈംസി'നെതിരെ സെൻസർ ബോർഡിന്റെ പരാതിയിൽ പോലീസ് കേസ്
Jun 18, 2026, 10:50 IST
കൊച്ചി: യുവനടൻ നസ്ലെൻ നായകനായി എത്തിയ പുതിയ ചിത്രം 'മോളിവുഡ് ടൈംസി'നെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സിനിമയിൽ സെൻസർ ബോർഡ് വെട്ടിമാറ്റാൻ നിർദേശിച്ച (Censor cuts) അശ്ലീല സംഭാഷണങ്ങൾ തിയേറ്ററുകളിൽ അതേപടി പ്രദർശിപ്പിച്ചു എന്ന സെൻസർ ബോർഡിന്റെ പരാതിയെത്തുടർന്നാണ് നടപടി.
സെൻസർ ബോർഡിനെപ്പറ്റിച്ച് സിനിമ പ്രദർശിപ്പിച്ചു എന്ന ഗുരുതരമായ കണ്ടെത്തലിനെ തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ, നിർമ്മാതാവ്, ഡിസ്ട്രിബ്യൂട്ടർ, ഡിജിറ്റൽ ക്രിയേറ്റർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സെൻസറിംഗ് നിയമങ്ങൾ കാറ്റിൽപ്പറത്തി തിയേറ്ററുകളിൽ സെൻസർ ചെയ്യാത്ത ഭാഗങ്ങൾ കേൾപ്പിച്ചു എന്നാണ് സെൻസർ ബോർഡ് അധികൃതർ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.