{"vars":{"id": "89527:4990"}}

കേന്ദ്രം ഫീസ് കുത്തനെ ഉയർത്തി;വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് കുറച്ച് കേരളം

 

തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനുള്ള ഫീസ് കുറച്ച് കേരളം. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കുത്തനെ ഉയര്‍ത്തിയ ഫീസുകളാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്. യൂസ്ഡ് കാര്‍ വിപണിക്കടക്കം ഗുണകരമാകുന്ന തീരുമാനമാണിതെന്നാണ് വിലയിരുത്തല്‍.

ഫിറ്റ്‌നസ് പരിശോധന കേന്ദ്രങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും ഫിറ്റ്‌നസ് പരിശോധ കേന്ദ്രങ്ങള്‍ സ്വകാര്യവത്കരിക്കപ്പെട്ടു. കൃത്യമായി പരിശോധന നടത്താതെ തന്നെ ഫിറ്റ്‌നസ് നല്‍കുന്ന സാഹചര്യവും ഇതിന് പിന്നാലെയുണ്ടായി. എന്നാല്‍ കേരളത്തില്‍ ഇതുവരെ ഫിറ്റ്‌നസ് പരിശോധന സ്വകാര്യവത്കരിക്കപ്പെട്ടില്ല. വന്‍കിട കമ്പനികളെ സഹായിക്കാനാണ് കേന്ദ്രം ഈ മേഖല കൂടി സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കുന്നത് എന്ന നിലപാടായിരുന്നു കേരളം സ്വീകരിച്ചത്.

ഇരട്ടിയിലധികമായാണ് ഫിറ്റ്‌നസ് പരിശോധന ഫീസ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ തന്നെ നേരിട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ല. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വയം ഫീസ് കുറയ്ക്കാനുള്ള തീരുമാനമെടുത്തത്.