{"vars":{"id": "89527:4990"}}

വിസിമാരല്ല മുഖ്യമന്ത്രി വി.ഡി.സതീശനാണ് ആദ്യം മാപ്പു പറയേണ്ടത്; രാജീവ് ചന്ദ്രശേഖർ

 

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ 3 വൈസ് ചാൻസലർമാർ പങ്കെടുത്തതിന്‍റെ പേരിൽ വിവാദമുണ്ടാക്കുകയും അവർക്ക് മതനിരപേക്ഷതയെക്കുറിച്ച് ക്ലാസെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിലപാട് കടുത്ത രാഷ്‌ട്രീയ കാപട്യത്തിന്‍റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

മതനിരപേക്ഷതയെക്കുറിച്ച് വിസിമാരെ ഉപദേശിക്കാൻ ഇറങ്ങുന്ന മുഖ്യമന്ത്രി തന്‍റെ സർക്കാർ അധികാരത്തിലെത്തിയത് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്‍ഡിപിഐയുടെയും പിന്തുണയോടെയാണെന്നത് മറക്കുകയാണ്. ഇന്ത്യയെ മതരാഷ്‌ട്രമാക്കി മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ഭരണഘടനാ മൂല്യങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്ന ശക്തികളുമായി സഹവർത്തിത്വം പുലർത്തുന്നവർക്ക് മതനിരപേക്ഷതയെ കുറിച്ച് സംസാരിക്കാൻ എന്ത് ധാർമിക അവകാശമാണുള്ളത്.

ആർഎസ്എസ് പോലുള്ള ദേശീയ പ്രസ്ഥാനത്തെ ആക്രമിക്കുന്ന മുഖ്യമന്ത്രി, മറുവശത്ത് മതത്തിന്‍റെ പേരിൽ രാഷ്‌ട്രീയം പറയുന്നവരുമായി അധികാരം പങ്കിടുകയാണ്. "മതം, മതം, മതം തന്നെയാണ് ഞങ്ങൾക്ക് പ്രധാനം' എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന മന്ത്രിമാർ ഉൾപ്പെട്ട മന്ത്രിസഭയുടെ നേതാവാണ് മതനിരപേക്ഷതയുടെ വക്താവായി മാറാൻ ശ്രമിക്കുന്നത്.

സർവകലാശാലകൾ രാഷ്‌ട്രീയ നിയന്ത്രണത്തിൽ നിന്ന് മാറി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളാണ്. വിവിധ ആശയ ധാരകളുമായി സംവദിക്കാനും ദേശീയ വിഷയങ്ങളിൽ ചർച്ചകളിൽ പങ്കെടുക്കാനും അക്കാദമിക് സമൂഹത്തിന് അവകാശമുണ്ട്. ഒരു ദേശീയ പ്രസ്ഥാനവുമായി വേദി പങ്കിട്ടു എന്ന കാരണത്താൽ വൈസ് ചാൻസലർമാരെ വിചാരണ ചെയ്യാൻ ശ്രമിക്കുന്നത് രാഷ്‌ട്രീയ അസഹിഷ്ണുതയാണ്. ശബരിമല സ്വർണപ്പാളി മോഷണം ഉൾപ്പെടെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഗുരുതര വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ആർഎസ്എസിനെയും വിസിമാരെയും ചുറ്റിപ്പറ്റി വിവാദങ്ങൾ സൃഷ്ടിക്കുന്നത്.

കോൺഗ്രസും സിപിഎമ്മും പ്രീണന രാഷ്‌ട്രീയം എന്ന ഘട്ടം പിന്നിട്ട് തീവ്രവാദ ആശയധാരകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന അപകടകരമായ നിലപാടിലേക്കാണ് നീങ്ങുന്നത്. ഭരണഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികളുമായി കൈകോർക്കുകയും അതേസമയം രാഷ്‌ട്രത്തിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളെയും നേതാക്കളെയും ആക്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇരുകൂട്ടരും പിന്തുടരുന്നത്.

മലയാളികൾ ഇന്ന് തങ്ങളുടെ ദേശീയബോധം തുറന്നു പ്രകടിപ്പിക്കാൻ മടിക്കുന്നില്ല. രാജ്യമാണ് ആദ്യം എന്നു പറയുന്ന നേതൃത്വത്തിനും ദേശീയ താത്പര്യങ്ങൾക്കും ഒപ്പമാണ് പുതുതലമുറ നിലകൊള്ളുന്നത്. കേരളത്തിന്‍റെ രാഷ്‌ട്രീയ ചിന്തയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം തുടക്കമാണ്. വരും ദിവസങ്ങളിൽ അത് കൂടുതൽ ശക്തമായി പ്രതിഫലിക്കും- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.