{"vars":{"id": "89527:4990"}}

മൾബറി പറിക്കാൻ മരത്തിൽ കയറി; കൊമ്പൊടിഞ്ഞ് കിണറ്റിൽ വീണു: 10 വയസ്സുകാരന് ദാരുണാന്ത്യം

 
നാദാപുരം: കോഴിക്കോട് നാദാപുരത്ത് കിണറ്റിൽ വീണ 10 വയസുകാരന് ദാരുണാന്ത്യം. മൾബറി പറിക്കാൻ വേണ്ടി കിണറിന്റെ അരമതിലിൽ കയറിയപ്പോഴാണ് അപകടം. മാമുണ്ടേരി നെല്ലില്ലുള്ളതിൽ ഹമീദിന്റെ മകൻ മുനവ്വർ (10) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മദ്രസ കഴിഞ്ഞു വരികയായിരുന്ന മുനവ്വർ മൾബറി പറിക്കാൻ ശ്രമിക്കവെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലേക്ക് വീണത്. അവിടെ ഉണ്ടായിരുന്ന കിണറിന്റെ അരമതിലിൽ കയറിയപ്പോഴാണ് കൊമ്പ് ഒടിയുകയും കാൽ വഴുതി കിണറ്റിലേക്ക് വീഴുകയും ചെയ്തത്. കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടാണ് പ്രദേശവാസികൾ ഓടികൂടിയത്. നാട്ടുകാർ ഉടൻ തന്നെ മുനവ്വറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെക്കിയാട് ആയങ്കി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: സലീന ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ്, മെഹബൂബ്.