നേമത്ത് പൂട്ടിച്ച അക്കൗണ്ട് വീണ്ടും തുറന്നു; സംസ്ഥാനത്ത് താമര വിരിഞ്ഞത് മൂന്നിടത്ത്
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയിച്ചു. 3800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജയിച്ചത്. 2016ൽ നിയമസഭയിലേക്ക് ബിജെപിയുടെ ഒ രാജഗോപാൽ അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. പിന്നീട് 2021ൽ എൽഡിഎഫിന്റെ വി ശിവൻകുട്ടി ബിജെപിയെ പരാജയപ്പെടുത്തി നേമത്ത് ജയിച്ചിരുന്നു
ഇത്തവണ ചാത്തന്നൂരിൽ അട്ടിമറി ജയമാണ് ബിജെപി നേടിയത്. 4002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ ആർ രാജേന്ദ്രനെ ബിജെപിയുടെ ബി ബി ഗോപകുമാർ പരാജയപ്പെടുത്തിയത്. ആകെ 46,567 വോട്ടാണ് ഗോപകുമാർ നേടിയിരിക്കുന്നത്. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സൂരജ് രവി മൂന്നാമതാണ്.' തിരുവനന്തപുരം കഴകൂട്ടത്ത് അവസാന റൗണ്ടിൽ ബിജെപി സ്ഥാനാർത്തി വി മുരളീധരൻ 354 വോട്ടിന് വിജയിച്ചു. കടകംപള്ളി സുരേന്ദ്രനെയാണ് വി മുരളിധരൻ പരാജയ പ്പെടുത്തിയത്
ബിജെപിക്ക് ഒരു സീറ്റ് പോലും കേരളത്തിൽ കിട്ടില്ലെന്നാണ് യുഡിഎഫും എൽഡിഎഫും പറഞ്ഞത്. ഇന്ന് നേമത്തിലെയും കഴക്കൂട്ടത്തിലെയും ചാത്തന്നൂരിലെയും ജനങ്ങൾ അവർക്ക് മറുപടി നൽകി. സിപിഎം വിരുദ്ധ തിരഞ്ഞെടുപ്പായിരുന്നു ഇത്. ജനങ്ങൾക്ക് അവരെ മടുത്തു. 2024 ലോക്‌സഭാ തിരിഞ്ഞെടുപ്പിൽ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് നേമത്തെ ജനങ്ങളാണ്. ഇന്ന് മുതൽ ഞാൻ നേമത്തെ ജനങ്ങളുടെ പ്രധാന സേവകനാകും. എല്ലാ ബിജെപി പ്രവർത്തകർക്കും നന്ദി' - രാജീവ് ചന്ദ്രശേഖർ പറഞ്ഞു