ചോദ്യങ്ങൾ നിരവധി, മറുപടി ഇന്നുണ്ടാകും; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകിട്ട് 6 മണിക്ക്

സ്പ്രിംഗ്ലർ കരാറും ഇതിനെ മുതലെടുത്ത് പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ വിവാദത്തിനുമിടയിൽ മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം ആറ് മണിക്ക് വാർത്താ സമ്മേളനം നടത്തും. കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ്
 

സ്പ്രിംഗ്ലർ കരാറും ഇതിനെ മുതലെടുത്ത് പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ വിവാദത്തിനുമിടയിൽ മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം ആറ് മണിക്ക് വാർത്താ സമ്മേളനം നടത്തും. കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ മുഖ്യമന്ത്രിയുടെ മറുപടികൾ എന്തെല്ലാമെന്ന് കാതോർക്കുകയാണ് കേരളം

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായി തുടങ്ങിയെന്ന് കണ്ടതോടെയാണ് ദിവസേനയുള്ള പ്രത്യേക വാർത്താ സമ്മേളനം അവസാനിപ്പിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചത്. ഇത് മറ്റ് പലരീതിയിൽ കോൺഗ്രസിന്റെ ചില എംഎൽഎമാർ ദുർവ്യാഖ്യാനിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾക്കും മുഖ്യമന്ത്രി ഇന്ന് മറുപടി നൽകിയേക്കും. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ ഇല്ലാതിരുന്ന ദിവസങ്ങളിൽ കോൺഗ്രസിന്റെ നിരവധി നേതാക്കൾ മാധ്യമങ്ങളെ വിളിച്ച് വരുത്തി രാഷ്ട്രീയ ആരോപണങ്ങൾ വിളിച്ചു പറഞ്ഞിരുന്നു

സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ കുടുംബത്തെ വരെ വലിച്ചിഴക്കുന്ന നീക്കവും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ ലോകം തന്നെ പുകഴ്ത്തുമ്പോൾ അസ്വസ്ഥത പൂണ്ട പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നാടകങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന ധാരണയും പൊതുവെ ഉണ്ടായിട്ടുണ്ട്. കുടുംബത്തിന് നേരെ വരെ എത്തിനിൽക്കുന്ന സ്പ്രിംഗ്ലർ വിവാദത്തിൽ പിണറായിയുടെ മറുപടി എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.