പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്; എയിംസും വയനാട് സഹായവും ലക്ഷ്യം
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർണായക കൂടിക്കാഴ്ച ഇന്ന്. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനത്തിന്റെ ലക്ഷ്യം.
ദുരന്തം തകർത്ത വയനാടിന്റെ പുനർ നിർമാണത്തിനായി കൂടുതൽ കേന്ദ്ര സഹായവും കേരളത്തിന് എയിംസ് ലഭിക്കണമെന്നതടക്കമുള്ള ആവശ്യവുമുന്നയിച്ചാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ, ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു
ഇതിന്റെ തുടർച്ചയായാണ് പ്രധാനമന്ത്രിയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ച. എയിംസ് അനുവദിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ അനുവദിക്കണമെന്ന ആവശ്യവും ജെപി നഡ്ഡയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.