സിഎംആർഎൽ - എക്സാലോജിക് കേസ്: ശരൺ എസ് കർത്തയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു; വീണ വിജയനെ ഉടൻ വീണ്ടും വിളിപ്പിച്ചേക്കും
കൊച്ചി: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ശരണിനെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയും ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ ഈ നിർണായക നീക്കം.. വീണ വിജയൻ നൽകിയ മൊഴികളും ശരൺ എസ് കർത്ത ഉൾപ്പെടെയുള്ളവർ മുൻപ് നൽകിയ മൊഴികളും തമ്മിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വീണ വിജയനെ ഇഡി ഉടൻ തന്നെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായാണ് ശരൺ എസ് കർത്തയെ ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യുന്നത്.
സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ 2016-ലും 2017-ലുമായി ഉണ്ടാക്കിയ കരാറുകളെക്കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. ഈ കരാറുകളുടെ അടിസ്ഥാനത്തിൽ നാല് വർഷത്തിനിടെ 2.78 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കൂടാതെ, എക്സാലോജിക്കവുമായുള്ള കരാർ അവസാനിപ്പിച്ച ശേഷം സിഎംആർഎൽ ഐടി കൺസൾട്ടൻസി കരാർ നൽകിയ 'അറ്റ്നാസ് ടെക്നോളജീസ്' എന്ന സ്ഥാപനത്തിന് വളരെ തുച്ഛമായ തുക മാത്രമാണ് നൽകിയിട്ടുള്ളത്. ഈ തുകകളിലെ വൈരുദ്ധ്യങ്ങളിലും കരാറുകളിലെ സുതാര്യതയിലും കൂടുതൽ വ്യക്തത വരുത്താനാണ് ശരൺ എസ് കർത്തയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. വരും ദിവസങ്ങളിൽ ശശിധരൻ കർത്തയുടെ ഭാര്യ ജെ.എസ് കർത്ത, മകൾ ഷിബി എസ് കർത്ത എന്നിവരെയും ഇഡി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.