സിഎംആർഎൽ–എക്സാലോജിക് കേസ്: വീണയുടെ പുതിയ കമ്പനി ‘ലേക്കർ ഇന്ത്യ’ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം; രേഖകളിലെ വിലാസത്തിൽ ഓഫീസ് കണ്ടെത്താനായില്ല
സിഎംആർഎൽ–എക്സാലോജിക് കള്ളപ്പണമിടപാട് കേസിൽ വീണ ടി.യുടെ പുതിയ സ്ഥാപനമായ ലേക്കർ ഇന്ത്യയെ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വ്യാപിപ്പിച്ചു. സിഎംആർഎലിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് വീണ പുതിയ കമ്പനിയിൽ നിക്ഷേപം നടത്തിയതെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം.മെയ് 27-ന് തിരുവനന്തപുരത്തെ വീണയുടെ വസതിയിൽ നടത്തിയ പരിശോധനയിലാണ് ലേക്കർ ഇന്ത്യയുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഇഡിക്ക് ലഭിച്ചത്. കമ്പനിയുടെ പേരിലുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലെ പതിനഞ്ച് ലക്ഷത്തിലേറെ രൂപ ഇഡി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
രേഖകൾ പ്രകാരം 2023-ലാണ് ലേക്കർ ഇന്ത്യ രജിസ്റ്റർ ചെയ്തത്. ട്രേഡ്‌മാർക്ക്, ജിഎസ്ടി രജിസ്‌ട്രേഷനുകളും കമ്പനിക്കുണ്ട്. മെഡിക്കൽ ഉപകരണങ്ങളുടെ വിൽപ്പനയും വിതരണവുമാണ് കമ്പനിയുടെ പ്രവർത്തനമേഖലയായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കോഴിക്കോട് കൊടലിൽ രേഖകളിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിൽ ബിഗ് ടിവി നടത്തിയ അന്വേഷണത്തിൽ കമ്പനി പ്രവർത്തിക്കുന്നതായികണ്ടെത്താനായില്ല. ഇതോടെ കമ്പനി കടലാസ് കമ്പനിയാണോയെന്ന സംശയവും ശക്തമായിട്ടുണ്ട്.
രേഖകൾ പ്രകാരം വീണ ടി.യ്‌ക്കൊപ്പം ഡോ. അനീസ് കൊടമ്പിയാത്ത് അറയ്ക്കലും കമ്പനിയിലെ ഓഹരി പങ്കാളിയാണ്. 2023 മുതൽ കമ്പനി ജിഎസ്ടി ഫയലിംഗും നടത്തിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ എംൽഎ പി.എ. മുഹമ്മദ് റിയാസ്, ഭാര്യ വീണ ടി.യ്ക്ക് ലേക്കർ ഇന്ത്യയിൽ പതിനഞ്ച് ലക്ഷത്തിലധികം നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.ലേക്കർ ഇന്ത്യയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി വിശദമായ അന്വേഷണം തുടരുകയാണ്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി നീക്കം നടത്തുന്നതായാണ് വിവരം.